“വന്ദേ പരം ബ്രഹ്മചിതാന്മകംസ ദ്വന്തേഗുരും ശാന്ത മുമേശ മീശം
വന്ദേ ശിവാനന്ദ ഗുരുപ്രവീരം വന്ദേ സാദാന്യപി വന്ദനീയാൻ”
സിദ്ധവിദ്യ
തന്നിലിരിക്കുന്നതും,അധോഗതിയായി പുറമേ പോയി നശിച്ചു കൊണ്ടിരിക്കുന്നതുമായ ജീവനെ അപ്രകാരം പോകാന്‍ വിടാതെ തന്‍റെ ഉള്ളില്‍ക്കൂടി സദാസമയവും മേല്‍ പോട്ടും കീഴ്പ്പോട്ടും നടത്തി തന്നിലിരിക്കുന്ന ബ്രഹ്മരന്ധ്രത്തെ തട്ടിതുറന്നു. അതില്‍ ജീവനെ അടക്കി ഇരുത്തുവാന്‍ പഠിക്കുന്നതാണ് സിദ്ധവിദ്യ.
തന്നിലിരുന്ന് ഏതാണോ നശിക്കുന്നത് അത് നശിക്കാതെ രക്ഷിക്കപ്പെടേണ്ടതാണ്. അപ്രകാരം നശിച്ചുകൊണ്ടിരിക്കുന്നത് ജീവനാകുന്നു. ആ ജീവനെ നശിക്കാന്‍ അനുവദിക്കാതെ തനില്‍ തന്നെ ഒതുക്കേണ്ടതാണ്. അപ്പോള്‍ ജീവന്‍ തന്നില്‍ തന്നെ നിലനില്‍ക്കും. അതിനുള്ള അഭ്യാസമാണ് സിദ്ധവിദ്യ.
സ്വാമി ശിവാനന്ദപരമഹംസര്‍
“നാം ചെയ്ത വേലയെ പറ്റി എഴുതുന്നതേ തെറ്റാണ്. എന്തുകൊണ്ടെന്നാല്‍ ലോകരെ ഗ്രഹിപ്പിക്കുവാന്‍ വേണ്ടിയല്ല നാം പ്രവൃത്തി ചെയ്യുന്നത്. ലോകര്‍ നന്നാകുവാന്‍ വേണ്ടിയാണ്. അത് വേറെ ഒരാളെ ഗ്രഹിപ്പിക്കേണ്ട ആവശ്യം ഇല്ല. എന്തെന്നാല്‍ നമുക്ക് പ്രത്യേകിച്ചു ഒരു ജീവന്‍ ഇല്ല. ജീവചരിത്രം എന്നതു ജീവന്‍റെ ചരിത്രമാണ്. ശിവാനന്ദ പരമഹംസര്‍ക്ക് പ്രത്യേകിച്ചു ഒരു ജീവന്‍ ഇല്ല. ജീവന്‍ ഒന്നേ ഉള്ളു. ആ ജീവന്‍റെ ചരിത്രമാണ് ‘സിദ്ധവേദം”
ജീവന്‍റെ ചരിത്രമായ സിദ്ധവേദത്തെക്കുറിച്ചാണ് അറിയേണ്ടത് അല്ലാതെ വ്യക്തി ജീവിതകഥയല്ല എന്ന് ഒരു കത്തിലൂടെ സ്വാമി വെളിപ്പെടുത്തിയതാകയാല്‍ കൂടുതല്‍ അതേപറ്റി പറയുന്നില്ല, എങ്കിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സ്വാമിയുടെ സ്വദേശം എന്ന് സൂചിപ്പിക്കുന്നു.
സിദ്ധവേദത്തെക്കുറിച്ച് സിദ്ധവേദത്തിലുള്ള മുഖവുരയില്‍ പ്രതിപാദിച്ചത് ഇവിടെ ചേര്‍ക്കുന്നു.
“വേദശാസ്ത്രപുരാണാദികള്‍ സത്യമാണ് എന്നും മസ്തകം നോക്കി അക്ഷരാഭ്യാസം ചെയ്ത് മസ്തകജ്ഞാനം സിദ്ധിച്ച അനുഭവസ്ഥന്മാരായ ഋഷിമാ൪, ആചാര്യന്മാര്‍, സിദ്ധന്മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ സ്വാനുഭവജ്ഞാനത്തെ യുക്തി പൂര്‍വ്വം ശ്രുതികളായി ലോകരക്ഷാര്‍ത്ഥം അരുളി ചെയ്തവകളാണ് ആ ദിവ്യഗ്രന്ഥങ്ങള്‍ എന്നും പിതാവ് സ്ഥാപിച്ചിരിക്കുന്നു. എന്നാല്‍ ലോകവാസികള്‍ അപ്രകാരം പ്രയത്നിച്ചു ആത്മജ്ഞാനാനുഭവം കൈവരുത്താതെ, ഓലയിലോ, പുസ്തകത്തിലോ ഉള്ള ശ്രുതികളെ പഠിച്ച്, അനുഭവസ്ഥരാണെന്നു നടിച്ച്, വേദശാസ്ത്രാദിജ്ഞാനം സിദ്ധിക്കാതെ അവയെ അവരുടെ യുക്തിക്കനുസരിച്ച് തെറ്റായി വ്യാഖ്യാനിച്ച്, ലോകരെ തെറ്റിദ്ധരിപ്പിച്ച് ജാതിമതങ്ങളുണ്ടാക്കി, അവയുടെ പേരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ചതു നിമിത്തം ജനങ്ങള്‍ അധഃപതിച്ചിരിക്കുകയാണ്. തല്‍ഫലമായി ജാതിമതങ്ങളുടെ പേരിലും മറ്റും ലോകത്തില്‍ രാഗദ്വേഷങ്ങള്‍ വര്‍ധിച്ച് പല അനര്‍ഥങ്ങളും ലഹളകളും ഉണ്ടായി, അധോഗതിയായി ജനങ്ങള്‍ ചത്തുപോകാന്‍ ഇടയായിരിക്കുന്നു. അവയില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ വേണ്ടി അവതീര്‍ണ്ണനായ സ്വാമികള്‍ ജാതിമതങ്ങളുടെ പേരില്‍, ഈശ്വരനാമത്തില്‍, ഈശ്വരാരധനയുടെ മറവില്‍ മേല്‍പ്രകാരം നിലവിലുള്ള ജാതിമതങ്ങളെയും അന്ധവിശ്വാസനാചാരങ്ങളെയും ഉന്മൂലനം ചെയ്ത്, ലോകരക്ഷയും ലോകശാന്തിയും കൈവരുത്താന്‍ വേണ്ടി വേദശാസ്ത്രാദികളുടെ യദാര്‍ത്ഥ തത്വങ്ങളെ വെളിപ്പെടുത്തുവാന്‍ അരുളിചെയ്ത മഹത്ഗ്രന്ഥമാണ് സിദ്ധവേദം”
സിദ്ധസമാജം
എല്ലാവരുടേയും മനസ്സിന്നു ശാന്തി വന്നതായിരുന്നുവെങ്കില്‍ സമാജം ആവശ്യമില്ലായിരുന്നു. ആയതു അല്ലാത്തതായിക്കണ്ടതുകൊണ്ടാണ് നോം സമാജം സ്ഥാപിച്ചത്. കാരണം, ലോകത്തില്‍ രാഗദ്വേഷാദികളെക്കൊണ്ട് പല അനര്‍ത്ഥങ്ങളും ലഹളകളും ഉണ്ടായി. ജനങ്ങള്‍ അധോഗതിയായി ചത്തുപോകുന്നതിനെകണ്ടിട്ടു, തന്‍ നിവാരണത്തിനുവേണ്ടി, ലോകനന്മക്കായി, ഭഗീരഥപ്രയത്നം ചെയ്ത്, വളരെ കഷ്ടമനുഭവിച്ചു, സ്വന്തം അദ്ധ്വാനത്താല്‍ ജീവന്‍റെ ഊര്‍ദ്ധ്വഗതിയെ കണ്ടുപിടിച്ചു, ചത്തുപോകുന്നതില്‍നിന്നു ഉദ്ധരിച്ചു മോചനം അടഞ്ഞു ഇരിക്കാനുള്ള വഴി കണ്ടെത്തി, അതു ലോകനന്മക്കായി ലോകരെ ധരിപ്പിച്ചു. ആ മാര്‍ഗ്ഗത്തെ ലോകര്‍ക്ക് മനസ്സിലാക്കി, അതേപ്രകാരം മോചനം അടഞ്ഞു ഇരിപ്പാന്‍ വേണ്ടി യത്നം ചെയ്യുവാന്‍ ഒരു തറ കെട്ടിവച്ചതാണ് സിദ്ധസമാജം.
സിദ്ധവിദ്യാര്‍ത്ഥി
താനും തന്നാല്‍ എന്താണ് കാണാനായതൊക്കെയും തങ്ങളില്‍ നിന്നും പ്രതിബിംബിച്ചതാണെന്നും, ആയത് തന്‍റെ ജീവന്‍ തന്നെയാണെന്നും ഉള്ള ദൃഢവിശ്വാസത്തോടുകുടി യാതൊന്നിലും ഭേദമില്ലാതെയും, രാഗം, ദ്വേഷം, മദം, മത്സര്യം, കാമം, ക്രോധം, ലോഭം, മോഹം, ഡംഭ്, അസൂയ, ദര്‍മം, ഈഷ്യ, അഹങ്കാരം, ഇച്ഛ ഇതുകളെ വിട്ട് രാഗദ്വേഷവിഹീനന്മാരായി, നിഷ്ക്കപടന്മാരായി, നിര്‍മ്മലന്മാരായി, സമബുദ്ധികളായി, സര്‍വ്വദാ സന്തുഷ്ടന്മാരായി, വാക്കും മനസ്സും പ്രവൃത്തിയും ഒന്നാക്കി, സമഭാവനയോടുകുടി ഇഷ്ടാനിഷ്ടങ്ങള്‍ തുല്യഭാവത്തോടുകുടി സഹിച്ച് പുത്രദാരാദികളില്‍ നിസ്നേഹത്വം ചെയ്ത്, നിത്യവൃത്തികള്‍ക്കിളക്കം വരുത്താതെ, സത്യത്തെ മാത്രം നിലനിര്‍ത്തി, മഹാശാന്തനായി സര്‍വ്വദാ ലോകശാന്തി. ലോകശാന്തി, ലോകശാന്തി, എന്നുള്ള ഉദ്ദേശത്തോടുകുടിയും, ഏകഭക്തിയായിരിക്കുന്ന പ്രജ്ഞയേയും ശ്രദ്ധയേയും മുന്‍ നിര്‍ത്തി ഏകോദര സഹോദര സ്നേഹത്തോടെ പ്രവര്‍ത്തിക്കുന്നവനുമായി യാതൊരാള്‍ ഉണ്ടോ അവനാണ് സിദ്ധസമാജസ്ഥന്‍.
സിദ്ധവിദ്യ ഗ്രഹിച്ച ഒരു മനുഷ്യന്‍ അതഭ്യസിച്ചുകൊണ്ട് യാതൊരു ദുഃസാഹചര്യങ്ങളിലും പെടാതെ തന്‍റെ ആത്മീയലക്ഷ്യം മാത്രം മുന്നില്‍കണ്ട് ഭൗതീകലോകത്ത് നേടാനുള്ള കാര്യങ്ങള്‍ നേടും. താനും തന്നാല്‍ എന്താണ് കാണാനയാതൊക്കെയും തങ്ങളില്‍ നിന്നും പ്രതിബിംബിച്ചതാണെന്നും, ആയത് തന്‍റെ ജീവന്‍ തന്നെയാണെന്നും ഉള്ള ദൃഢവിശ്വാസം ഉറപ്പിച്ച് ലോകത്ത് ആര്‍ക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ജീവിക്കുകയും ചെയ്യുന്നു. സന്യാസിയാകാനോ കാട്ടിലേക്കോ ഗുഹയിലേക്കോ പോയി ജീവിക്കുവാനോ അല്ല സിദ്ധവിദ്യ ഗ്രഹിച്ച ആളോട് പറയുന്നത്. ഒരു മനുഷ്യനു വേണ്ടതെല്ലാം നേടുകയും ശരിയായി ജീവിതം ആസ്വദിക്കുകയും സംതൃപ്തിയോടെ ജീവിക്കുകയും ചെയ്ത് ആത്മീയഉന്നതിയും ലോകശാന്തിയും ലക്ഷ്യമിട്ട് ജീവിക്കുവാനാണ് പ്രചോദിപ്പിക്കുന്നത്.
സിദ്ധവിദ്യാര്‍ത്ഥികള്‍ ഈ ലോകത്തിലെ സംഭവങ്ങളില്‍ പ്രത്യേക മമതയോ ദൂഷ്യമോ ഇല്ലാതെ ഏതൊരു സന്ദര്‍ഭത്തിലും മനസ്സാ അധിയായ ചലനത്തിന് ഇടംകൊടുക്കാതെ സര്‍വ്വദാ ഈശ്വരസേവയില്‍ മനസ്സിനെ നിര്‍ത്താന്‍ കഴിവുള്ളവരായിരിക്കും സിദ്ധവിദ്യാര്‍ത്ഥികള്‍. അന്യത്വത്തിലോ വസ്തുവിലോ ഒന്നിലും ഒരാശ്രയകേന്ദ്രമായി കണക്കാക്കുന്നില്ല. കാരണം, താങ്കളുടെ വേദഗ്രന്ഥമായ സിദ്ധവേദത്തില്‍ താന്‍ ആശ്രയിക്കേണ്ടതായ ഈശ്വരന് തന്‍റെ ഉള്ളില്‍ ഒരു സ്ഥാനം ഉണ്ടെന്നും അതാണ് തന്‍റെ യാദാര്‍ത്ഥ ആശ്രയം എന്ന് വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു
സിദ്ധവിദ്യാര്‍ത്ഥികള്‍ നിമിഷനേരത്തേക്കുപോലും ആചാര്യപട്ടമോ ആനന്ദപട്ടമോ ആഗ്രഹിക്കുന്നില്ല ഗുരുപദവി എന്നൊന്നില്ലെന്നാണ് സിദ്ധവേദത്തില്‍ കല്പിച്ചിരിക്കുന്നത്. ഗുരുവിനുള്ള സ്ഥാനം: ഒരുവനെ, ആത്മീയലക്ഷ്യപ്രാപ്തിക്ക് സിദ്ധാന്തപരമായ് വേണ്ടുന്ന ഉപദേശവും ഉല്‍ബോധനവും നല്‍കി സഹായിക്കുക; എന്ന നിലയില്‍ നാമമാത്രം നിലനില്‍ക്കുന്നു.
ഒരുവന് അവന്‍റെ സ്വന്തം മനസ്സാണ് ഗുരു. ശരിക്കും അവനവന്‍റെ മനസാക്ഷിയെയാണ് ഗുരുവായ് പരിഗണിക്കേണ്ടത്. എന്ന് വ്യക്തമായ് മനസ്സിലാക്കിയിരിക്കുന്നു. സിദ്ധവിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഷ്ഠാനപരിധിയില്‍ പൊതുജനങ്ങളെ ചേര്‍ക്കാന്‍ അത്ര തിടുക്കമോ, ആവേശമോ ഉള്ളവരല്ല. വിദ്യയില്‍ പൂര്‍ണ്ണവിശ്വാസവും അനുയായികളായിരിപ്പാന്‍ തക്ക ആത്മാര്‍ത്ഥതയും മതിയായ യോഗ്യതകളുമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ, അവര്‍ ജിജ്ഞാസുവിന് സിദ്ധവിദ്യ വെളിപ്പെടുത്തികൊടുക്കുകയുള്ളൂ. അതുവരെ, സ്വതവേ സേവനതല്പരരായ അനുയായികള്‍ തങ്ങളുടെ എണ്ണത്തില്‍ ആരേയും ഉള്‍പ്പെടുത്തുകയില്ല.
സിദ്ധവിദ്യാസഭ
സിദ്ധവിദ്യാസഭ സിദ്ധവിദ്യാര്‍ഥികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയും ഐക്യവും നിലനിര്‍ത്തുന്നതിനും വീടുകള്‍തോറും ജപം ആണ് ഉദ്ദേശം. അതിലൂടെ നമ്മുടെ കുട്ടികള്‍ സ്വാമിയുടെ വാക്കുകളും, ആശയങ്ങളും, ആദര്‍ശങ്ങളും, മനസ്സിലുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഉണ്ടാകും. സിദ്ധവിദ്യാ സഭയുടെ വാര്‍ഷികപ്പതിപ്പായ വീക്ഷികയില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിറ്റുണ്ട്.
സിദ്ധവിദ്യാപീഠം
വരും തലമുറകള്‍ക്ക് മനസ്സാ ഏക അഭിപ്രായവും ആശയവിനിമയവും ഒരേ കാഴ്ച്ചപ്പാട് വരേണ്ടതിനാല്‍ സിദ്ധവേദവും, ആത്മീയഗ്രന്ഥങ്ങളിലെ കാഴ്ച്ചപ്പാടും ശാസ്ത്രീയ വശവും, ആയുരാരോഗ്യവും , കൂടാതെ സിദ്ധവിദ്യ കൂട്ടായി അഭ്യസിക്കുവാനുമായി 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സിദ്ധവിദ്യാപീഠം എന്ന ആത്മീയപാഠ്യപദ്ധതി തയ്യാറാക്കി അവര്‍ക്ക് അനുസ്രുതമായ രീതിയില്‍ പഠനം നല്കുകയാണെങ്കില്‍ അത് അവരുടെ ആത്മീയ ഉന്നമനത്തിനും ലോകശാന്തി ലോകക്ഷേമത്തിനും കാരണമാകാം., എന്ന കാഴ്ച്ച്പ്പാടോടുകൂടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുന്നു സിദ്ധവിദ്യാപീഠം.